Wednesday, May 28, 2008

ജീവിതം

ജീവിതം ഒരു പ്രഹേളികയെന്നു
ആരോ പറയുന്നു ...
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് നടുവില്‍
കൂട്ടലും കിഴിക്കലുമായി നെടുവീര്‍പ്പിടുന്നവര്‍
ഭോഗവിലാസങ്ങള്‍ക്ക് പണം കായ്ക്കുന്ന
മരം നട്ടുവളര്‍ത്തുന്നവര്‍
വിയര്‍പ്പോഴുക്കുന്നവരുടെ
വിശപ്പിനെ കടമെടുക്കുന്നവര്‍
പാരമ്പര്യത്തിന്റെ വേര് അറുക്കാന്‍
കാവിയില്‍ പൊതിഞ്ഞ പോയ്മുഖമിട്ടവര്‍
അങ്ങനെ എത്രപേര്‍ ...?
ആരാണ് പറഞ്ഞതു
ജീവിതം ,
സ്വപ്നങ്ങളുടെ ഊഷരഭൂമിയില്‍
ഹൃദയബെന്ധങ്ങളെ കീറിമുറിച്ചുകൊണ്ടുള്ള യാത്രയെന്ന് ...
ഒരു പക്ഷെ , ഞാനായിരിക്കാം ...!
മനസ്സിനുള്ളിലെ കലാപത്തിനു തീ കൊളുത്തി
ഇവിടെ ഞാന്‍
അശാന്തിയുടെ താഴ്വരയില്‍ സുഖമായുറങ്ങുന്നു ...!



Wednesday, May 7, 2008

വിരഹത്തിന്റെ മഴു

എപ്പോള്‍ കാണും ...? അറിയില്ല ...
കാണാന്‍ കാത്തിരിക്കുന്നു .
വിരഹത്തിന്റെ യൌവനം കഴിയുന്നു...
എന്റെയും ... കാത്തിരിക്കുന്നു ഇപ്പോഴും ...!
എന്റെ നടവഴികളില്‍
എന്റെ സ്വപ്നങ്ങളില്‍
എന്നെ പിന്തുടര്‍ന്നത്‌
അല്ല, നിന്നെ പിന്തുടര്‍ന്നത്‌ എന്തിനായിരുന്നു ...?
മുഖാമുഖം കാണുമ്പോള്‍
നിന്റെ ചിരി ഞാന്‍ പ്രതീക്ഷിച്ചിരുന്നു
നീ പ്രതീക്ഷിച്ചാലും ഇല്ലെന്ഗിലും
എന്നെ കടന്നുപോകുമ്പോള്‍
എന്നും ഞാനൊരു പുഞ്ചിരി
സമ്മാനമായി തരാറുണ്ട് ... നീ അത് അറിഞ്ഞിരുന്നോ ...?
പ്രതീക്ഷകളുടെ നിറം മങ്ങിയാല്‍
പിന്നെ നീ ഉണ്ടാകുമോ ...?
പിന്നെ ഞാന്‍ ഉണ്ടാകുമോ ...?
ഞാനാഗ്രഹിക്കുന്നു ,
നിന്റെ പ്രതീക്ഷകളുടെ ചിറകില്‍
എന്റെ സ്വപ്നങ്ങളുണ്ടാവുമെന്നു ...!
ഒരു പ്രണയത്തിന്റെ തായ് വേര് അറുക്കാന്‍
വിരഹത്തിന്റെ മഴുവിനാകുമെന്നു
ആരാണ് നിന്നോട് പൊളിപറഞ്ഞതു ...?
എപ്പോള്‍ കാണും ... അറിയില്ല ...
കെടുത്താത്ത വിളക്കിനുമുന്നില്‍
ഇപ്പോഴും കണ്ണുംമൂടി കാത്തിരിക്കുന്നു...!