Sunday, November 15, 2009

സഖി

നീ എന്തിനാണ് കിനാവില്‍ കണ്ണീര്‍ പെയ്യിക്കുന്നത് ...
എന്തിനാണ് രക്തത്തില്‍ സിന്ദൂരം ചാലിച്ച് പൊട്ട്‌ എഴുതുന്നത് ...
എന്തിനാണ് മരണത്തിന്റെ സുഗന്ധമന്വേഷിച്ചുപോകുന്നത് ...

കിനാവിന്റെ താഴ്‌വരയിലെങ്കിലും
നിനക്കു സ്വര്‍ഗ്ഗസൌധം നിര്‍മിച്ചുകൂടെ ...?
നിന്റെ ഹൃദയത്തില്‍ കണ്ണ് മിഴിച്ചിരിക്കുന്ന ആ ദേവനോട് വരം വാങ്ങി
ആയിരം വര്‍ഷം ജനിമ്രിതികളെ ഭയക്കാതെ ജീവിച്ചുകൂടെ ...?

കല്കണ്ടത്തിന്റെ കയ്പുതേടിയാല്‍ നിറയുന്നത്
പ്രണയത്തിന്റെ മധുരമായിരിക്കും .
സ്നേഹത്തിന്റെ ആഴമളന്നാല്‍ കാണുന്നത് കടലായിരിക്കും .
ആര്‍ദ്ര ഹൃദയത്തില്‍ വര്‍ഷമേഘങ്ങള്‍ പെയ്യിക്കുന്നത്
സ്നേഹത്തിന്റെ വര്‍ണ്ണമഴയാണ് .

വറുതി വരണ്ടത് നീ അറിഞ്ഞില്ലെ ...?
സഖീ നീ ഇനിയും പെയ്താല്‍ പ്രളയമാണ് ...!
പറയാത്ത വാക്കുകളില്‍ അറിയാത്ത നിനവുകളില്‍ -
എന്നും നീ എന്നോടൊപ്പമുണ്ടായിരുന്നു .

Thursday, February 12, 2009

കണ്ണന്‍ രാധ പിന്നെ കുറെ വാനരന്മാര്‍ ...


അവളില്‍ രാധയുടെ പരകായ പ്രവേശം
കണ്ടമാത്രയില്‍ 'എന്റെ കണ്ണാ ' എന്ന വിളി ...

പ്രണയത്തിന്റെ പൂത്തിരികള്‍ അവളില്‍ കത്തിയത്

വിശുദ്ധ വാലന്റൈന്‍ ദേവന്‍റെ വരവിനും എത്രയോ മുന്‍പ് ...

അന്ന് ഈ രാധയുടെ ദുഃഖത്തില്‍

എത്രപൂക്കള്‍ എത്രപക്ഷികള്‍ തളര്‍ന്നുപോയ്‌ ...

ഇന്നും രാധ ,

പ്രണയ ദേവനെ കൊതിച്ച് പരിഭവം പറഞ്ഞു പാടുന്നു

പിന്നെ സ്വപ്നാടകയെപോലെ നൃത്തം ചെയ്യുന്നു ...

എന്‍റെ കണ്ണാ ,

നിന്‍റെ പാല്‍പുഞ്ചിരി നിന്‍റെ കൊഞ്ചല്‍

എന്‍റെ സ്വപ്നങ്ങളില്‍ നീ മാത്രം ...

എന്‍റെ സാമീപ്യത്തില്‍ നിന്‍റെ നീലമിഴികളില്‍ ഞാന്‍ മാത്രം

നിന്‍റെ മിഴിയിലെ തിളക്കം എന്‍റെ പട്ടുചെലയുടെതായിരുന്നു ...

കണ്ണന്‍ ഇല്ലെങ്കില്‍ രാധയില്ല , എന്‍റെ അസ്തിത്വം നിന്നിലാണ്

നീ ഇല്ലാത്ത രാധയും രാധയില്ലാത്ത ഞാനും

തേനില്ലാത്ത പുഷ്പമാണ് ...

എന്‍റെ കണ്ണാ , നീ ഇപ്പോള്‍ കലികാലത്തിലാണ്

കാണുന്നില്ലേ ഒരു വര , ചില വാനരന്മാര്‍ വരച്ച വര ...

അവരെ നയിക്കാന്‍ ഇന്ന് ഹനുമാന്‍ സ്വാമിയില്ല

പകരം ഏതോ കിറുക്കന്‍ വാനരന്‍ ...

എനിക്കുറപ്പുണ്ട് , നിന്‍റെ ചക്രായുധം അവരെ തുരത്തും
നിന്‍റെ പാല്‍പുഞ്ചിരി അവരെ തളര്‍ത്തും ...

എന്‍റെ രാധേ ,

നിന്‍റെ വിശ്വാസം എന്‍റെ ധൈര്യമാണ്

നിന്‍റെ പാട്ടുകള്‍ എന്‍റെ ശക്തിയും ...

വിരഹത്തിന്റെ തീയണക്കാന്‍ എന്‍റെ കരലാളനങല്‍ക്കാകും

പ്രണയത്തിനു തീ കൊളുത്താന്‍ എന്‍റെ ചുടുചുംബനങ്ങള്‍ക്കും ...

പക്ഷെ ഒന്നുണ്ട് ,

കുത്തഴിഞ്ഞ എന്‍റെ യുവത്വമേ

നിനക്കാകുമോ കണ്ണന്‍ ആകുവാന്‍ രാധയാകുവാന്‍

നിസ്വാര്‍ത്ഥ പ്രണയത്തിന്റെ ബിംബമാകുവാന്‍ ...

എല്ലാ വരകളും ഭേദിച്ച് നിങ്ങള്‍ എത്തുമ്പോള്‍

വിശുദ്ധ വാലന്റൈന്‍ ചോദിക്കും

കണ്ണനും രാധയും നിങ്ങളോ ?